ഇന്ത്യയുടെ ഏറ്റവും നേരിട്ടുള്ള ജനാധിപത്യ വേദിയാകേണ്ട ഒന്നാണ് ഗ്രാമസഭ. പക്ഷേ, പല ഗ്രാമങ്ങളിലും അത് സജീവമായി പ്രവർത്തിക്കുന്നില്ല. ഭരണഘടനാപരമായ ഒരു വാഗ്ദാനമായി മാത്രം അവശേഷിക്കുന്നു.
കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിനുവേണ്ടി ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജ്’ തയാറാക്കിയ, ‘സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗ്രാമസഭകളിലെ കുറഞ്ഞ പങ്കാളിത്തത്തെക്കുറിച്ചുള്ള ദേശീയ പഠന റിപ്പോർട്ട്’ ഏറെ സമയബന്ധിതമായ ഒന്നാണ്. ആളുകൾ എന്തുകൊണ്ടാണ് യോഗങ്ങളിൽ പങ്കെടുക്കാത്തത് എന്നു മാത്രമല്ല ഈ റിപ്പോർട്ട് ചോദിക്കുന്നത്; ഗ്രാമീണ ജനാധിപത്യത്തിന്റെ അടിത്തറയായ ഈ സ്ഥാപനത്തിന് ജനവിശ്വാസം നേടിയെടുക്കാൻ കഴിയാതെപോകുന്നത് എന്തുകൊണ്ടാണ് എന്നുകൂടിയാണ്.
26 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 213 ജില്ലകളിലായി നാനൂറോളം ഗ്രാമപഞ്ചായത്തുകളിലെ 7,800ലധികം ആളുകളിൽനിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് നിതി ആയോഗ് അംഗമായ ആർ. ബാലസുബ്രഹ്മണ്യം ന്യൂഡൽഹിയിൽവച്ച് പ്രകാശനം ചെയ്ത ഈ റിപ്പോർട്ട്.
ആദിവാസി മേഖലകളിലെ പഞ്ചായത്തുകളും സ്ത്രീസൗഹൃദ പഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നു. കേവലം ഹാജർ നിലയ്ക്ക് അപ്പുറം പോയി അവബോധം, ആശയവിനിമയം, പങ്കാളിത്തം, ഭരണം, അടിസ്ഥാന സൗകര്യങ്ങൾ, പങ്കാളിത്തത്തിനുള്ള തടസങ്ങൾ, ജനങ്ങളുടെ നിർദേശങ്ങൾ, മികച്ച മാതൃകകൾ എന്നിവയെല്ലാം പരിശോധിക്കുന്നു എന്നതിലാണ് ഈ പഠനത്തിന്റെ പ്രാധാന്യം.
ഭരണഘടനയുടെ അനുച്ഛേദം 243A (Article 243A) വിഭാവന ചെയ്യുന്നത്, ഗ്രാമപഞ്ചായത്തിലെ രജിസ്റ്റർ ചെയ്ത ഓരോ വോട്ടർക്കും പ്രാദേശിക ഭരണത്തിൽ പങ്കാളികളാകാനുള്ള ഒരു വേദിയാണ് ഗ്രാമസഭ എന്നാണ്. ഗ്രാമപഞ്ചായത്ത് വികസന പദ്ധതികൾ ചർച്ച ചെയ്യുക, ഗുണഭോക്തൃ പട്ടികകൾ അംഗീകരിക്കുക, പരാതികൾ ഉന്നയിക്കുക, പൊതുവിഭവങ്ങൾ വിലയിരുത്തുക, പ്രാദേശിക ആസൂത്രണത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുക, സാമൂഹിക ഓഡിറ്റിംഗ് ശക്തമാക്കുക എന്നിവയെല്ലാമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. തത്വത്തിൽ, പദ്ധതികൾ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ എന്ന നിലയിൽനിന്ന് പ്രാദേശിക വികസനത്തിന്റെ പങ്കാളികളായി പൗരന്മാരെ മാറ്റാൻ ഇതിന് കഴിയും. എന്നാൽ, പ്രായോഗിക തലത്തിൽ ഈ മാറ്റം എല്ലായിടത്തും ഒരുപോലെയല്ല.